Saturday, March 6, 2010

കൊട്ടിപ്പാടിസ്സേവയിലെ ശൈലീ ഭേദങ്ങള്‍










തെക്കു തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍കോഡുവരെയുള്ള വിവിധ ക്ഷേത്രങ്ങളിലെ ആലാപനവുമായിബന്ധപ്പെട്ട് നിരവധി ശൈലീഭേദങ്ങള്‍ കൊട്ടിപ്പാടിസ്സേവയില്‍ നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ ചിട്ടകളും, സമ്പ്രദായങ്ങളുമെല്ലാം ഇതിനെ ബാധിക്കുന്നു.
എറണാകുളം ജില്ല മുതല്‍ തെക്കോട്ട് നിലനില്‍ക്കുന്നത് രാമമംഗലം ബാണിയാണെന്നു പറയാം. വൈക്കംകലാപീഠത്തില്‍ സോപാനസംഗീതം ചിട്ടയായി അഭ്യസിപ്പിയ്ക്കുന്നതു കൊണ്ട് അവിടങ്ങളിലെ ശൈലിയ്ക്ക് ഒരുഏകീകൃത രൂപമുണ്ടെന്നു കാണാം. എന്നാല്‍ തന്നെ അമ്പലപ്പുഴയിലെത്തുമ്പോഴേയ്ക്കും സമ്പ്രദായഭേദം അനുഭവപ്പെടും. തിരുവനന്തപുരത്തുള്ള ആലാപനശൈലിയ്ക്കും ഈഷല്‍ഭേദമുണ്ട്. സമയബന്ധിതമായി ഇടയ്ക്കയില്‍ കൂറു കൊട്ടുന്നതിലുംത്യാണി പാടുന്നതിലും ഇവിടെയുള്ളവര്‍ക്ക് നിഷ്കര്‍ഷ കൂടും.











തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനു മാത്രം അവകാശപ്പെടാവുന്ന ഒരു ശൈലി നിലനില്‍ക്കുന്നു. മോഹിനിയാട്ടസംഗീതത്തോട് വളരെ അടുത്തു നില്‍ക്കുന്ന ശൈലി രണ്ടു തലമുറ മുമ്പേ ഉടലെടുത്തതാണ്. ഗുരുവായൂര്‍ ക്ഷേത്ര ഗായകരിലൂടെ പകര്‍ന്നു വരുന്ന സമ്പ്രദായം, അവര്‍ അഭ്യസിപ്പിയ്ക്കുന്ന ശിഷ്യരിലുംനിലനില്‍ക്കുന്നു. ലാസ്യവും ശോകവും കലര്‍ന്ന ആലാപന വഴക്കമാണ് ഇതിന്റെ പ്രത്യേകത. അഷ്ടപദിയ്ക്ക്ഗുരുവായൂരില്‍ നല്കുന്ന പ്രാമുഖ്യം മറ്റെവിടേയും കാണുന്നില്ല.











പാലക്കാട് ജില്ലയില്‍ത്തന്നെ രണ്ട് ശൈലികളുണ്ട്. പഴയ വള്ളുവനാടന്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍മലമക്കാവ് (തൃത്താല ) ശൈലിയും അല്ലാത്തിടങ്ങളില്‍ മറ്റൊന്നും. പല്ലാവൂര്‍, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിലാണ്രണ്ടാമത് സൂചിപ്പിച്ച ശൈലിയ്ക്ക് പ്രചാരം കൈവന്നത്. ഇവിടുത്തെ സമ്പ്രദായത്തില്‍ ഇടയ്ക്കയിലെ കൊട്ടി വയ്ക്കലിന്മറ്റിടങ്ങളില്‍ നിന്ന് വ്യ ത്യാസം കാണാം. ​എന്നാല്‍ സാഹിത്യ-സംഗീത ഭംഗികള്‍ കൊണ്ട് അനുപമങ്ങളായനിരവധി കീര്‍ത്തനങ്ങളുടെ ഒരു കലവറ തന്നെയാണ് ഇവിടം.
മലപ്പുറം ജില്ലയില്‍ മേല്‍സൂചിപ്പിച്ച മലമക്കാവ് ശൈലിയ്ക്കാണ് പ്രചാരം.











കോഴിക്കോടു മുതല്‍ക്കുള്ള ജില്ലകളില്‍ ഒരു വടക്കന്‍ മലബാര്‍ ശൈലി നിലനില്‍ക്കുന്നു. സംഗീതത്തിന് ഏറെപ്രാധാന്യം നല്‍കുന്ന ഇവിടെ കര്‍ണ്ണാടകസംഗീത കീര്‍ത്തനങ്ങള്‍ കൊട്ടിപ്പാടിസ്സേവയില്‍ ഉള്‍പ്പെടുത്തികാണാറുണ്ട്. ഓട്ടന്‍തുള്ളലിന് ഏറെ പ്രാധാന്യമുള്ള ഇവിടങ്ങളില്‍ തുള്ളലിന് പക്കമായി ശോഭിച്ചതു കൊണ്ടാണോഎന്തോ ഇടയ്ക്ക മേളാത്മകമായി വായിക്കുന്നതു കാണാം. പ്രദേശങ്ങളില്‍ പാടുന്ന മിക്ക കീര്‍ത്തനങ്ങളിലും മേളാത്മകത നമുക്ക് ഹൃദ്യമായി അനുഭവപ്പെടുകയും ചെയ്യും.

No comments:

Post a Comment